മലപ്പുറം: ഗുജറാത്തിലെ ഗാന്ധിനഗറിലെ ക്യാംപില്‍ നിന്ന് ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ ഷ്യാക് നദിയിലേക്ക് വാഹനം മറിഞ്ഞ് മലയാളി സൈനികന് അടക്കം ഏഴുപേര്‍ മരണമടഞ്ഞ സംഭവം രാജ്യത്തെ വേദനയിലാഴ്ത്തുകയാണ്. വിരമിക്കാന്‍ അഞ്ച് മാസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു മലയാളി സൈനികന് മുഹമ്മദ് സൈജിലിന്റെ വിയോഗം .
കലാകായിക രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് സൈജല്‍. 20 വര്‍ഷത്തെ സൈനീക ജീവിതത്തില്‍ നിന്ന് വരുന്ന ഒക്ടോബറില്‍ വിരമിച്ച് നാട്ടില്‍ തിരിച്ചെത്തി കൂടുതല്‍ സജീവമാകാനിരിക്കെയായിരുന്നു അപകടം. സൈനീക ജോലിക്കൊപ്പം അധ്യാപനവും സൈജിലിന്റെ മനസില്‍ ഉണ്ടായിരുന്നു.
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ബോധവത്കരണ ക്ലാസുകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. നാല് മാസം മുമ്പാണ് സൈജില്‍ അവധിക്ക് വന്ന് തിരിച്ചു പോയത്. അപകടം നടക്കുന്നതിന് മുമ്പും ഭാര്യ റഹ്മത്തുമായി സൈജില്‍ ദീര്‍ഘ നേരം സംസാരിച്ചിരുന്നു.
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ 26 സൈനീകരാണ് ഉണ്ടായത്. എല്ലാ സൈനീകര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍ തന്നെ പര്‍താപൂരിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് സൈനീകരുടെ ജീവന് രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് സേനാ വക്താവ് അറിയിച്ചു.