കോട്ടയം: മറ്റക്കരയിൽ വാക്കുതർക്കത്തെ തുടർന്ന് മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെഴുവൻകുളം താന്നിക്ക തടത്തിൽ ശാന്തയാണ് മകൾ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്.
അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നുവെന്നും ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കം നടന്നെന്നും അയൽക്കാർ പറയുന്നു. തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് രാജേശ്വരി ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയൽവാസികൾ വ്യക്തമാക്കി.
ALSO READ- അമ്മയുടെ സഞ്ചയനദിവസം അച്ഛനും മരിച്ചു; തനിച്ചായി വിദ്യാർത്ഥികളായ കാവ്യയും മിഥുനും
തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടി. തുടർന്ന്, അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയും ഉടൻതന്നെ, ശാന്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവത്തിൽ പ്രതിയായ മകൾ രാജേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.