കോഴിക്കോട്: മീഞ്ചന്ത ഗവ.ആർട്സ് കോളേജിന് സമീപം പിക്കപ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഫ്രാൻസിസ് റോഡ് തോട്ടൂളിപാടം ദാറുൽ ഹസയിൽ ഇസ്ഹാം മിഷാബ് (താപ്പ-45) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം നടന്നത്.
മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. എണ്ണപ്പലഹാര കച്ചവടക്കാരനായ ഇസ്ഹാം, ഫുട്ബോൾ താരവുമായിരുന്നു. എംഎം ഹൈസ്കൂളിന് 1997-98 വർഷം സുബ്രദോ മുഖർജി കപ്പ് നേടിക്കൊടുത്ത ടീമിന്റെ പ്രധാന കളിക്കാരനാണ്.
ആ വർഷംതന്നെ കേരള ടീമിനെ പ്രതിനിധീകരിച്ച് ബിഹാറിൽ നടന്ന ഇന്റർസ്റ്റേറ്റ് സ്കൂൾ ടൂർണമെന്റിലും കളിച്ചു. ഗുരുവായൂരപ്പൻ കോളജ് ടീമിനു വേണ്ടിയും കേരള ജുനിയർ ടീമിന് വേണ്ടിയും ജഴ്സി അണിഞ്ഞു. കല്ല് കരാറുകാരനും പരപ്പിൽ ശാദുലിപ്പള്ളി മുക്രിയുമായിരുന്ന ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകൾ: അസ റുഖിയ.