കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കാളിയൻ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കാനായി നടത്തിയ സിനിമ ഓഡിഷൻ കാരണം നാട്ടുകാർ കുരുക്കിലായി. അഭിനയമോഹികളുടെ നീണ്ട നിര കാരണം ചിറ്റൂർ റോഡ് ബ്ലോക്ക് ആവുകയായിരുന്നു.
എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാളിയൻ. 7 വയസുമുതൽ 70 വയസു വരെയുള്ള നടീനടന്മാരെ തേടിയായിരുന്നു അവസരം. വൈഎംസിഎയിലാണ് ഓഡിഷൻ നടന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവർക്കായിരുന്നു ഓഡിഷൻ നടന്നത്.
വൈകതെ മറ്റു ജില്ലകളിലും ഓഡിഷൻ പിന്നീട് നടക്കും. ആദ്യ ദിവസം വൈഎംസിഎയിൽ നിന്ന് ആരംഭിച്ച ക്യൂ അമ്മൻ കോവിൽ റോഡും കഴിഞ്ഞ് കെഎസ്ആർടിസി റോഡ് വരെ നീണ്ടു. റോഡിന് ഇരുവശവും വാഹനങ്ങൾ കൊണ്ട് നിറഞ്ഞതിനിടെ ഫയർ ഫോഴ്സ് വാഹനവും കൂടി എത്തിയതോടെ റോഡിൽ ആകെ ബഹളമായി.
വീതി കുറഞ്ഞ റോഡ് ആയതിനാൽ നിരന്തരം ഗതാഗത കുരുക്കുള്ള സ്ഥലം കൂടിയാണ് ചിറ്റൂർ റോഡ്. ഓഡിഷന് ബദൽ മാർഗങ്ങൾ ഒരുക്കാതെ റോഡിൽ തന്നെ ക്യൂ നിർത്തിയതിന് എതിരെ യാത്രക്കാരും രംഗത്തെത്തി.