തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വീട്ടിലെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം . വെമ്പായത്ത് കീഴാമലക്കല്‍ ഷിബുവാണ് മരിച്ചത്. ഷിബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ ബന്ധുക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്കി.
അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാക്കി വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് സുഹൃത്തുക്കള്‍ മുങ്ങിയെന്നാണ് ബന്ധുക്കളുടെ പരാതി. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ദിവസമാണ് ഇവരുടെ വീട്ടിലെ ടെറസില്‍ നിന്ന് ഷിബു വീണത്.
also read: കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നു, പെരിങ്ങല്‍കുത്ത് ഡാം ഏതുസമയവും തുറക്കാന്‍ സാധ്യത, ജാഗ്രത
വീഴുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും പിന്നാലെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സിടി സ്കാനും എക്സ്റേയും എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ പുലര്‍ച്ചെ മൂന്നു മണിയോടുകൂടി ഓട്ടോയില്‍ കയറ്റി ഷിബുവിനെ ഇവര്‍ വീട്ടിലെത്തിച്ചു. കയ്യില്‍ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിയിരുന്നില്ല. രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടത്. സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.