തവനൂര്‍: എല്ലാ ആഘോഷങ്ങളും പോലെ മകളുടെ വിവാഹവും വൃദ്ധസദനത്തില്‍ വെച്ച് ആഘോഷമാക്കാന്‍ ഒരുങ്ങി മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജനയുടെ വിവാഹത്തിനാണ് സാമൂഹികനീതി വകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരം വേദിയാകുക.
തിരുവനന്തപുരം പി.ടി.പി. നഗര്‍ വൈറ്റ്പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന് സംഗീതാണ് വരന്. ഈ മാസം 22-നാണ് നിരഞ്ജനയുടെ വിവാഹം. അമ്പലത്തില്വേണ്ടാ, അമ്മമാരുടെ മുന്പില്വെച്ചുമതി വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹത്തിന്റെ വേദിയായി വൃദ്ധമന്ദിരം തിരഞ്ഞെടുക്കാന്‍ കാരണം.
also read: ഇന്നും തീവ്രമഴ, 40 കിമീ വേഗതയില്‍ കാറ്റിന് സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത
ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. ഓണമുള്‍പ്പെടെയുള്ള വിശേഷദിവസങ്ങളില്‍ അദ്ദേഹവും കുടുംബവും ഇവിടത്തെ വയോധികര്‍ക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്. ഇവിടത്തെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പമാണ് അവരുടെ മുന്‍പില്‍വെച്ച് വിവാഹിതയാകാന്‍ നിരഞ്ജനയ്ക്ക് പ്രചോദനമായത്.
ഞായറാഴ്ച ഒന്‍പതിന് വിശിഷ്ടവ്യക്തികളെയും വൃദ്ധസദനത്തിലെ വയോജനങ്ങളെയും സാക്ഷിയാക്കി നിരഞ്ജന വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കും. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആര്. വിഭാഗത്തില്‍ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോള്.