കൊല്ലം: പൂജ നടത്തിയ ശേഷം സ്വകാര്യധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് മോഷണം. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് ഞെട്ടിക്കുന്ന സംഭവം. തൊണ്ണൂറ് പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പത്തനാപുരത്ത് ജനതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. വിളക്ക് തെളിയിച്ച് പൂജകള്‍ നടത്തി പ്രത്യേക രീതിയില്‍ ആണ് കവര്‍ച്ച നടത്തിയത്. മുറിക്കുള്ളിലാകെ തലമുടി വിതറിയിട്ടുമുണ്ട്.
ശനിയാഴ്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച അവധി ആയിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് തുറക്കുന്നത്. അപ്പോഴാണ് മോഷണം നടന്ന വിവരം അധികൃതര്‍ അറിയുന്നത്. സ്ഥാപനത്തിന്റെ കതകും അലമാരകളും ലോക്കറും തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. പ്രതികള്‍ ഇതരസംസ്ഥാനക്കാരാണോ എന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു.