കോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം അയര്‍ക്കുന്നത്താണ് നടുക്കുന്ന സംഭവം. അമയന്നൂര്‍ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത് ബന്ധുക്കളാണ്. ടിന്റുവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയില്‍ കട്ടിലിന് അടിയില്‍ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയില്‍ ആയിരുന്നു സുദീഷിന്റെ മൃതദേഹം.
also read: കുടുംബക്ഷേത്രത്തില്‍ തര്‍ക്കം, കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു
വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുന്‍പാണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പക്ഷെ കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസ് അനുമാനിക്കുന്നത്.
സുധീഷും ഭാര്യയും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത് . കഴിഞ്ഞ ദിവസം മകനെ സുധീഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.