ചിറയിൻകീഴ്: ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പെരുമാതുറ കൊട്ടാരം തുരുത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. പെരുമാതുറ കൊട്ടാരംതുരുത്ത് പാട്ടപുരയിടത്തിൽ ഹിജാസിന്റെയും ജാസ്മിന്റെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെ കൈയിലും കാലിലും അണിഞ്ഞിരുന്ന ആഭരണങ്ങളാണ് ഊരി എടുത്തുകൊണ്ടു പോയത്.
ആലപ്പുഴയിൽ പോലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി
പാദസരം, വള, അരഞ്ഞാണം ഉൾപ്പെടെയുള്ള ഒന്നേമുക്കാൽ പവനാണ് മോഷ്ടിക്കപ്പെട്ടത്. തുറന്നുകിടന്ന ജനലിനു ചേർന്നുള്ള കട്ടിലിലാണ് കുഞ്ഞും അമ്മയും കിടന്നിരുന്നത്. കുഞ്ഞ് കിടന്ന ഷീറ്റ് ജനലിന് അടുത്തേക്ക് വലിച്ചടുപ്പിച്ചാണ് ആഭരണങ്ങൾ കൊണ്ട് പോയത്.
മോഷണശ്രമത്തിനിടെ കുഞ്ഞിന്റെ കൈക്ക് ചെറിയ മുറിവേറ്റു. വേദനയിൽ കുഞ്ഞ് കരഞ്ഞതോടെയാണ് ജാസ്മിൻ ഉണർന്നത്. സംഭവത്തിൽ, കഠിനംകുളം പോലീസ് കേസെടുത്തു.