കൊച്ചി: മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ രണ്ടുദിവസംവെള്ളം പോലും ഇല്ലാതെ കുടുങ്ങി വാർത്തകളിൽ നിറഞ്ഞ ബാബു എന്ന യുവാവിന്റെ വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ നിറയുന്നു.
ബഹളം വയ്ക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്യുന്ന ബാബുവിനെയാണ് വീഡിയോയിൽ കാണുന്നത്. തനിക്ക് മരിക്കണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞുകൊണ്ട് മണ്ണിൽ കിടന്ന് ഉരുളുകയും ഒച്ചവയ്ക്കുകയുമാണ്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയെ അസഭ്യം പറയുന്നതും കാണാം. ഇതിനിടെ, ബലം പ്രയോഗിച്ച് സുഹൃത്തുക്കൾ ബാബുവിനെ അടക്കി നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്നാൽ കുതറിയോടുന്ന ബാബുവിനെയാണ് കാണുന്നത്.
23 കാരന്റെ ചെയ്തികൾ സംബന്ധിച്ച് സുഹൃത്തുക്കളിൽ ഒരാൾ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ബാബുവിനെ അപകീർത്തിപ്പെടുത്താനാണ് സുഹൃത്തുക്കൾ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് എന്നാണ് സഹോദരൻ ഷാജി പ്രതികരിച്ചു. ബുധനാഴ്ചയാണ് വിഡിയോയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. അതിന്റെ കുറച്ചുഭാഗം എടുത്താണ് സുഹൃത്തുക്കൾ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബാബുവിനെ മോശക്കാരനാക്കാൻ വേണ്ടിയാണിതെന്നും ഷാജി കൂട്ടിച്ചേർത്തു.
ALSO READ- നടൻ ധർമജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാകേസ്; 43 ലക്ഷം തട്ടിയെടുത്തതായി പരാതി
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് ബാബുവിന്റെ മാനസിക നിലയെ ബാധിച്ചെന്നും സഹോദരൻ പറയുന്നു.
മലമുകളിൽ കുടുങ്ങിയ സംഭവത്തിന് ശേഷം സുഹൃത്തുക്കൾ ബാബുവിനെ അധിക്ഷേപിച്ചിരുന്നു. ബാബുവിനെ പണം കിട്ടിയെന്ന് ആരോപിക്കുകയും അവനെ പണം ചോദിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ഷാജി പറയുന്നത്.