കോട്ടയം: നിയന്ത്രണം വിട്ടെത്തിയ കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. കോത്തല വെള്ളാപ്പള്ളില്‍ ജോമോന്, ഭാര്യ നിവ്യ, മകന് നിജോ എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് കാര്‍ ഇടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.15ന് ദേശീയപാതയില്‍ ആലാമ്പള്ളി ജംക്ഷനും ഗവ.ആശുപത്രി പടി ജംക്ഷനും മധ്യേയുള്ള വളവിലായിരുന്നു അപകടം സംഭവിച്ചത്.
also read: അയല്‍വീട്ടിലെ തെങ്ങുവീണു, ഉറങ്ങിക്കിടന്ന പഞ്ചായത്ത് പ്രസിഡന്റിന് പരിക്ക്
പാമ്പാടിയിലേക്കു വന്ന ബൈക്ക് യാത്രക്കാരെ എരുമേലി ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചു തെറിപ്പിച്ചത്. കാര്‍ യാത്രക്കാര്‍ അമിതവേഗത്തിലാണ് വന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. ദിശ തെറ്റിച്ചു കയറിയാണ് ബൈക്കില്‍ ഇടിച്ചത്.
ദേശീയപാതയിലേക്കു തെറിച്ചു വീണ ദമ്പതികളെയും മകനെയും നാട്ടുകാര്‍ ഉടന്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്കി. അല്പനേരം ഗതാഗതം മുടങ്ങി. പാമ്പാടി പൊലീസ് സ്ഥലത്തെത്തി.