ഷാര്‍ജ: നിഷേധാത്മക വ്യക്തികളോട് പ്രതികരിക്കാതിരുന്നാല്‍ ജീവിതം സമാധാനപൂര്‍ണ്ണമാകും എന്ന ശ്രീബുദ്ധന്റെ വാക്കുകള്‍ കടമെടുത്ത് പിസി ജോര്‍ജിന് പരോക്ഷമായി തക്കമറുപടി നല്കി എംഎ യൂസഫലി.
ഷാര്‍ജ ബുത്തീനിയില് പുതിയ ലുലു ശാഖ സന്ദര്‍ശിക്കവേ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു യസുഫലിയുടെ പ്രതികരണം. നിഷേധാത്മക വ്യക്തിത്വങ്ങളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം ജീവിതം സമാധാനപൂര്ണമാകുമെന്ന് യൂസഫലി പറഞ്ഞു.
ഹിന്ദുമഹാസമ്മേളനത്തില്‍ പിസി ജോര്‍ജ് തനിക്കും മുസ്ലിം വ്യാപാരികള്‍ക്കുമെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ ആദ്യം യൂസഫലി തയ്യാറായില്ല. പരാമര്‍ശം പിസി ജോര്‍ജ് പിന്‍വലിച്ച സാഹചര്യത്തില്‍ അതേ കുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു നിലപാട്.
എന്തും പറയാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ യൂസഫലി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാല്‍ വാര്‍ത്താസമ്മേളനം അവസാനിക്കുന്നതിന് മുമ്പ് എല്ലാവരേയും അദ്ദേഹം ഇങ്ങനെ ഉപദേശിച്ചു.
‘നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം കൂടുതല്‍ സമാധാനപരമാകും’ ഇത് താന്‍ പറഞ്ഞതല്ലെന്നും ബുദ്ധഭഗവാന് പറഞ്ഞതാണെന്നും യൂസഫലി പറഞ്ഞു.
അതേസമയം, യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് യൂസഫലി അറിയിച്ചു. നടപടികളുടെ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ലുലു ഐപിഒകള്‍ ഓഹരി വിപണികളിലെത്തുമെന്നും ഓഹരികള്‍ നല്കുന്നതില് സ്വന്തം ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും യൂസഫലി അറിയിച്ചു.