കാസർകോട്: ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയിന്റിൽ നിന്നും ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കൂൾബാർ മാനേജരും കാസർകോട് പടന്ന സ്വദേശിയുമായ ടി അഹമ്മദാണ് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ചെറുവത്തൂർ ഐഡിയൽ ഫുഡ്പോയിന്റ് മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്സ്, ഷവർമയുണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെ നേരത്തെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയിന്റിൽനിന്ന് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ(16)യാണ് ഭക്ഷ്യവിഷബാധയേറ്റ് ഞായറാഴ്ച മരിച്ചത്. ഇവിടെ നിന്നും ഷവർമ കഴിച്ച 17 വിദ്യാർഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.