തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് അഞ്ച് വരെ സംസ്ഥാനത്ത് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്.
ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. അതിനാല്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
also read: ടാങ്കര്‍ ലോറി മറിഞ്ഞു, ബക്കറ്റുകളും കന്നാസുകളുമായി പെട്രോള്‍ ഊറ്റിയെടുക്കാന്‍ ഇരച്ചെത്തി ഗ്രാമീണര്‍
അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടില്ല.
മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.