ഇന്ധവില വര്‍ധനവില്‍ നട്ടംതിരിയുകയാണ് സാധാരണക്കാര്‍. ഇതിനിടെയാണ് പെട്രോള്‍ കയറ്റി വന്ന ഒരു ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്തുവന്നത്. വിവരമറിഞ്ഞതും കൈയ്യില്‍ കിട്ടിയ കുപ്പികളും ബക്കറ്റുകളുമായി സ്ഥലത്തെത്തിയ നാട്ടുകാര്‍ പെട്രോള്‍ മോഷ്ടിച്ച് കടന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ബിഹാറിലെ അരാരിയയിലെ മിസാപൂരില് നിന്നാണ് ഈ കാഴ്ച. ടാങ്കര്‍ ലോറി മറിഞ്ഞ വിവരമറിഞ്ഞ് ബക്കറ്റുകളും കന്നാസുകളുമായി കുട്ടികള്‍ അടക്കമുള്ള നൂറിലേറെ ഗ്രാമീണരാണ് അപകടസ്ഥലത്തേക്ക് ഇരച്ചെത്തിയത്.
നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പെട്രോളുമായി പോയ ടാങ്കറാണ് മറിഞ്ഞത്.അപകടത്തില്‍ മറിഞ്ഞ ടാങ്കറിന് ചുറ്റും നിന്നവര്‍ ബക്കറ്റിലേക്കും കന്നാസുകളിലേക്കും പെട്രോള്‍ ഊറ്റിയെടുത്ത് നിറച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചത്. ഒരു മണിക്കൂറിലേറെ നേരം ഇത്തരത്തില്‍ ഇന്ധനമോഷണം നടന്നു.
പിന്നാലെ പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റു.