തെന്മല: കേരളത്തിലേയ്ക്ക് സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഇലഞ്ചിയം ചതുപ്പ് ആറുകണ്ണൻകുഴി സതീഷ് ഭവനിൽ സതീഷ്മോൻ ആണ് മരിച്ചത്. 33 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് 4.45ന് തെന്മല പതിമൂന്നുകണ്ണറയിലാണ് അപകടം നടന്നത്.
സതീഷ് ഓടിച്ചിരുന്ന ലോറി എതിരെ വന്ന ടിപ്പറിൽ ഇടിച്ച ശേഷമാണ് ക്രാഷ്ബാരിയറും തകർത്ത് കഴുതുരുട്ടി ആറ്റിലേക്ക് മറിഞ്ഞത്. ലോറി മറിഞ്ഞ ഉടൻ തന്നെ ദേശീയപാത വഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 20 മിനിറ്റിന് ശേഷമാണ് സതീഷിനെ ലോറിയിൽ നിന്നും കണ്ടെത്താനായത്.
ലോറിയുടെ ക്യാബിന്റെ അടിവശത്താണ് സതീഷ് കിടന്നത്. ലോറിയുടെ മുൻവശത്ത് പകുതിയോളം വെള്ളം കയറിയിരുന്നു. തെന്മല ഇൻസ്പെക്ടർ കെ.ശ്യാം, എസ്ഐ സുബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അപകട സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.