ആലപ്പുഴ: മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരെ കണ്ടതോടെ ബസ് നടുറോഡിലിട്ട് മുങ്ങി ഡ്രൈവര്‍. ആലപ്പുഴയിലാണ് സംഭവം. പെര്‍മിറ്റ് ഇല്ലാത്ത സ്വകാര്യ ബസിനെതിരേ നടപടിയെടുക്കാനിറങ്ങിയപ്പോഴാണ് മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥരെ ഡ്രൈവര്‍ വട്ടം ചുറ്റിച്ചത്.
നൂറനാട് പാറയില്‍ ജങ്ഷനു സമീപമായിരുന്നു സംഭവം. കായംകുളം- അടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രാജാധിരാജ എന്ന സ്വകാര്യ ബസിനു പെര്മിറ്റില്ലായിരുന്നു. ഈ ബസ്സിനെതിരെ നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിറങ്ങി. യാത്രക്കാരുമായി എത്തിയ ബസിന് ഉദ്യോഗസ്ഥര്‍ കൈകാണിച്ചു.
also read: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധം
എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്താതെ അതിവേഗത്തില്‍ മുന്നോട്ടുപോയി. 250 മീറ്ററിലധികം മുന്നോട്ടുപോയ ബസ് നടുറോഡിലിട്ട് ഡ്രൈവര്‍ ഇറങ്ങിയോടി. ഇതിന് ശേഷം വണ്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന് ബസ് വീണ്ടും ഓടിച്ചു മുന്നോട്ടുപോയി.
ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കിലും വലിയ വാഹനങ്ങള്‍ ഓടിച്ചു ശീലമില്ല. അപ്പോഴേക്കും ഉദ്യോഗസ്ഥര്‍ പിന്തുടര്ന്നെത്തി ബസിനു മുന്നില്‍ തങ്ങളുടെ വാഹനം കുറുകെ നിര്‍ത്തി വണ്ടിനിര്‍ത്തിച്ചു. സംഭവം കണ്ട് പേടിച്ചുപോയ യാത്രക്കാരെ ഉദ്യോഗസ്ഥര്‍ മറ്റൊരു ബസില്‍ യാത്രയാക്കുകയായിരുന്നു.
ആദ്യം ബസോടിച്ച ഡ്രൈവറുടെ വിവരങ്ങള്‍ ശേഖരിച്ച എം.വി.ഡി. ഇയാളെ ഓഫീസിലേക്കു വിളിച്ചുവരുത്തി ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡുചെയ്തു. പെര്‍മിറ്റ് ഇല്ലാത്തതിന് 10,500 രൂപ ബസിനു പിഴയും ഈടാക്കി.