കൊച്ചി: പൊള്ളുന്ന വെയിലില്‍ ഉണ്ണിയപ്പത്തിന്റെ പായ്ക്കറ്റുകളുമായി വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ആലുവ ചെങ്ങമനാട് സ്വദേശിയായ വൈശാഖിന്റെ മനസ്സില്‍ തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ചംഗ കുടുംബമാണ്. അമ്മ ബിന്ദുവിനെയും നാല് ഇളയ സഹോദരിമാരെയും സംരക്ഷിക്കാന്‍ പത്തില്‍ പഠനംനിര്‍ത്തി ഉണ്ണിയപ്പക്കച്ചവടത്തിന് ഇറങ്ങിയതാണ് വൈശാഖ്.
വൈശാഖിന്റെ തുച്ഛവരുമാനം പ്രതീക്ഷിച്ച് വാടകവീട്ടില്‍ കാത്തിരിക്കുകയാണ് ഈ അഞ്ചുപേര്‍. വൈകുന്നേരംവരെ നടന്നാലാണ് കൈയിലുള്ള ഉണ്ണിയപ്പമെല്ലാം വില്‍ക്കാനാകുന്നത്. പുലര്‍ച്ചെ അഞ്ചിനെഴുന്നേറ്റ് അമ്മയാണ് ഉണ്ണിയപ്പം ചുടുന്നത്. അതു പായ്ക്കറ്റിലാക്കി രാവിലെതന്നെ വൈശാഖ് കച്ചവടത്തിനിറങ്ങും.
30 പായ്ക്കറ്റുമായാണ് വീട്ടില്‍നിന്നിറങ്ങുന്നത്. അതെല്ലാം വിറ്റിട്ടേ തിരിച്ചെത്താറുള്ളു. ഒരു പായ്ക്കറ്റില്നിന്ന് പരമാവധി ലാഭം 20 രൂപയാണ്. 30 പായ്ക്കറ്റും വില്‍ക്കാനായാല്‍ ദിവസം 600 രൂപ കിട്ടും. ഈ വരുമാനം കൊണ്ടാണ് വീട് പുലരുന്നത്. വീട്ടുവാടകയും അനുജത്തിമാരുടെ പഠനച്ചെലവുമെല്ലാം ഇതില്‍നിന്നാണ്.
”അനുജത്തിമാരായ ഹരിത എട്ടിലും കല്യാണി അഞ്ചിലും കൃഷ്ണപ്രിയ രണ്ടിലും മിത്ര ഒന്നിലുമാണ് പഠിക്കുന്നത്. വില്പനയ്ക്കിടെ കണ്ടുമുട്ടിയ എല്‍ദോ എന്ന ചേട്ടനാണ് ദിവസവും ഉച്ചയ്ക്കുള്ള ചോറ്് തരുന്നത്. ഉണ്ണിയപ്പം വിറ്റുകിട്ടുന്ന കാശില്‍നിന്ന് ഒരുഗ്ലാസ് വെള്ളംപോലും വാങ്ങിക്കുടിക്കാറില്ല. അതിനു ശ്രമിച്ചാല്‍ എന്റെ അനുജത്തിമാരുടെ കാര്യം നോക്കാനുള്ള കാശില്‍ പിന്നെയും കുറവുവരില്ലേ…?” -വൈശാഖ് ചോദിക്കുന്നു.
ഉണ്ണിയപ്പക്കച്ചവടവുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ വൈശാഖിനും ചില ആഗ്രഹങ്ങളുണ്ട്: ”അമ്മയ്ക്കും അനുജത്തിമാര്‍ക്കും പേടിക്കാതെ അന്തിയുറങ്ങാന്‍ ഒരു കൊച്ചു വീടുണ്ടാക്കണം… വരുമാനത്തിനായി ഒരു കൊച്ചു കടയും ഇടണം…പിന്നെ, പഠനം തുടരണം… പഠിച്ച് എനിക്കൊരു പോലീസുകാരനാകണം…”- പ്രതീക്ഷകളോടെ വൈശാഖ് പറയുന്നു.