കൊല്ലം: ബസില്‍ കുഴഞ്ഞുവീണ യുവാവിന്റെ ജീവന് കാവലായി ഒരു നഴ്സ്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷീബ അനീഷാണ് അവസരോചിതമായ ഇടപെടല്‍ കൊണ്ട് യുവാവിന്റെ ജീവന് തിരിച്ചുപിടിച്ചത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. ആശുപത്രിയില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കറുകുറ്റി കേബിള്‍ ജങ്ഷനില്‍നിന്ന് ഷീബ എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടി ബസില്‍ കയറി. യാത്രയ്ക്കിടെ ബസിനുള്ളില്‍ ഒരു യുവാവ് കുഴഞ്ഞുവീണു.
സംഭവം കണ്ട് യാത്രക്കാരെല്ലാം പേടിച്ചു. എന്നാല്‍ ധൈര്യം കൈവിടാതെ ഷീബ ഫുട്ബോര്‍ഡിന് സമീപത്ത്നിന്ന് യുവാവിനെ ഉടന്‍ തന്നെ നീക്കിക്കിടത്തി പരിശോധിച്ചു. പള്‍സ് കിട്ടാതായപ്പോള്‍ ഉടന്‍ യുവാവിന് സി പി ആര് നല്‍കുകയായിരുന്നു.
രണ്ടുവട്ടം സി പി ആര് പൂര്‍ത്തിയായപ്പോള്‍ യുവാവിന് അപസ്മാരമുണ്ടായി. ഇതേ തുടര്‍ന്ന് ചരിച്ചുകിടത്തി വീണ്ടും സി പി ആര് നല്കി. ഇതോടെ യുവാവിന് ബോധംവീണു. തുടര്‍ന്ന് ബസ് നിര്‍ത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ കഴിയുകയാണ് യുവാവ്.