കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ നടിമാരായ മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ അപകീർത്തിപ്പെടുത്തുന്ന രീതിയോട് താൽപര്യമില്ലെന്ന് രാഹുൽ ഈശ്വർ. മുൻവിധികൾ ഉപയോഗിച്ച് മഞ്ജു അടക്കമുള്ള സ്ത്രീകളെ അപമാനിക്കുന്നതിനോട് യോജിപ്പില്ല. അത് മര്യാദയല്ലെന്നും രാഹുൽ സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെ വ്യക്തമാക്കി.
‘ഞാൻ ശക്തമായി ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. പക്ഷെ ഒരു കാരണവശാലും മഞ്ജു വാര്യരെയോ കാവ്യ മാധവനെയോ മറ്റേതെങ്കിലും സ്ത്രീയെയോ അപകീർത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു മര്യാദയുമില്ല. വേറെ എത്ര പോയിന്റുകളുണ്ട് പറയാൻ.’
‘സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികൾ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. കോടതിയിൽ പറയേണ്ട കാര്യങ്ങൾ സ്ട്രാറ്റജൈസ് ചെയ്യണം. പക്ഷെ ഇത്തരം കാര്യങ്ങൾ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. വേറെ ഒരുപാട് പോയിന്റുകൾ ഇക്കാര്യത്തിൽ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ,’ രാഹുൽ ഈശ്വർ വ്യക്തമാക്കി.