മടിക്കേരി: മുട്ടുകുത്തി നിന്ന് ഭക്തന് ദക്ഷിണ നല്കുന്ന മുത്തപ്പന്റെ ഹൃദ്യമായൊരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഇരുകാലുകളും തളര്‍ന്ന ഗോപിയെ തേടിപ്പിടിച്ചെത്തി മുത്തപ്പന് അനുഗ്രഹം നല്‍കുകയായിരുന്നു. ”ഇത് മുത്തപ്പന് തരുന്നത്. ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും” എന്ന് ഭക്തന്റെ തൊഴുകൈകള്‍ മുട്ടുകുത്തി കൂട്ടിപ്പിടിച്ച് മുത്തപ്പന് അരുളി.
മടിക്കേരി മുത്തപ്പന് മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികില്‍ ദര്‍ശനം കാത്തിരിക്കവെയായിരുന്നു ഗോപിയുടെ അടുത്തേക്ക് മുത്തപ്പനെത്തിയത്. ആറാം വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലും തളര്‍ന്നിട്ടും ചെറുകുന്ന് നിരങ്ങിക്കയറി മുത്തപ്പനെ കാണാനെത്തിയതായിരുന്നു അറുപതുകാരന് ഗോപി.
എന്നാല്‍ ഭക്തരുടെ നീണ്ടനിര തന്നെയായിരുന്നു അവിടെ. ഇതിനിടയില്‍ നില്‍ക്കവെയാണ് മുത്തപ്പന്റെ കണ്ണ് ഗോപിയിലുടക്കിയത്. ഉടനെ ഗോപിയുടെ അരികിലെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്ന ദക്ഷിണ ഗോപിയുടെ കൂപ്പിയ കൈവിടര്‍ത്തി അതില്‍ ചൊരിഞ്ഞു.
also read: ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന; മന്ത്രിസഭാ തീരുമാനം ഇന്ന്, പുതിയ നിരക്ക് മെയ് 1 മുതല്‍
ഭക്തനു മുന്നില്‍ മുത്തപ്പന് മുട്ടുകുത്തി അനുഗ്രഹം ചൊരിയുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ചുറ്റുമുള്ളവര്‍ സാക്ഷ്യംവഹിച്ചത്. ഏപ്രില്‍ എട്ടിന് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത് വിദ്യാര്‍ഥികളായ സഹോദരിമാര്‍ വീക്ഷിതയും വിസ്മിതയുമാണ്. മുളിയാലേബട്ടിലെ വിമുക്ത ഭടന് ബി.എസ്. വിഷ്ണു പൂജാരിയുടെയും മുത്തപ്പന് മടപ്പുരയിലെ ജീവനക്കാരി ബേബിയുടെയും മക്കളാണിവര്‍.
‘വഴിയില്‍ ചങ്ങാതി. കാട്ടില്‍ കാട്ടാളന്. വീട്ടില്‍ ധര്‍മദൈവം. അതാണ് മുത്തപ്പന്. ഭക്തരെങ്ങനെയോ അതുപോലെയാകണം ദൈവം”- മുത്തപ്പന്റെ കോലമണിഞ്ഞ കണ്ണൂര്‍ അഴീക്കോട് പാലോട്ടുകാവിന് സമീപത്തെ കിഴക്കേപുരയില്‍ കെ.പി. പ്രസൂണ്‍ ആ മുഹൂര്‍ത്തത്തെ കുറിച്ച് പറയുന്നു.