തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സകൾക്കായ വീണ്ടും അമേരിക്കയിലേക്ക്. വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി ഇതിന് അനുമതി തേടി. അമേരിക്കയിലെ മയോക്ലിനിക്കിലാണ് തുടർ ചികിത്സ. വരുന്ന ശനിയാഴ്ച അദ്ദേഹം യാത്ര പുറപ്പെടും. ഏപ്രിൽ 23 മുതൽ മേയ് മാസം വരെയാകും ചികിത്സ.
മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്നത്. 2018 ജനുവരി 11 മുതൽ 26 വരെയാണ് മയോക്ളിനിക്കിൽ ആദ്യമായി ചികിത്സ തേടിയത്. മുൻപ് മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയാണ് അനുഗമിച്ചത്. അതേസമയം, ഇത്തവണ ആരെല്ലാം മുഖ്യമന്ത്രിയെ അനുഗമിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മുഖ്യമന്ത്രിയ്ക്ക് പകരം ക്യാബിനറ്റ് യോഗത്തിൽ ആര് അദ്ധ്യക്ഷം വഹിക്കുമെന്നുളള വിവരവും വരുംദിവസങ്ങളിൽ അറിയാം. മുഖ്യമന്ത്രിയുടെ ഇതുവരെയുളള ചികിത്സയ്ക്കായി 29,82,039 രൂപ അനുവദിച്ച് ഉത്തരവിറക്കിയത് റദ്ദാക്കി.
മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ് എന്ന് വസ്തുതാപരമായി തെറ്റുണ്ടായതിനാൽ പൊതുഭരണം(അക്കൗണ്ട്സ്) വകുപ്പ് ഉത്തരവ് റദ്ദാക്കി. പണം അനുവദിച്ചുളള പുതുക്കിയ ഉത്തരവ് തിങ്കളാഴ്ച ഉച്ചയോടെ പുറത്തിറങ്ങി.