മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിയുമായി പിതാവ്. മലപ്പുറം കോട്ടക്കലിലാണ് നടുക്കുന്ന സംഭവം. ആറു മാസം പ്രായമുള്ള കുഞ്ഞുമായി അഞ്ചര മണിക്കൂര്‍ വീടിന് മുകളില്‍ തുടര്‍ന്ന ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി.
ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ബുധനാഴ്ച രാവിലെ ഏഴു മുതല്‍ 12.30 വരെയാണ് ഇയാള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് നിഗമനം.
രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാള്‍ വീടിനു മുകളില്‍ കയറിയത്. തുടര്‍ന്നാണു കത്തി കഴുത്തില്‍വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല.
പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്കു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവില്‍ കുട്ടിയെ കൈമാറി. പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.