കാസര്‍കോട്: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ നിന്നും വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് പ്രിയേഷ്. ആചാരങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അജാനൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രകമ്മിറ്റി പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍നിന്ന് തടഞ്ഞതെന്ന് പ്രിയേഷ് പറയുന്നു.
ഒരേ ഇല്ലത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പ്രീയേഷ് എന്ന യുവാവിന് വിലക്ക്. ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികന് കൂടി ആയിരുന്ന ബാലന് കൂട്ടായിക്കാരന് മാര്‍ച്ച് 21നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ബാലന് കൂട്ടായിക്കാരന്റെ സംസ്കാര ചടങ്ങുകളില്‍നിന്നാണ് മകന് പ്രീയേഷിന് വിലക്ക് നേരിടേണ്ടി വന്നത്. ക്ഷേത്രത്തിന് കീഴില്‍ ചാത്തില്ലം, ചെമ്പില്ലം, കച്ചില്ലം എന്നിങ്ങനെ മൂന്ന് ഇല്ലങ്ങള്‍ ഉണ്ട്. ഇതില്‍ ചാത്തില്ലത്തിന് കീഴില്‍ വരുന്ന പ്രീയേഷ് ഇതേ ഇല്ലത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രശ്നങ്ങളുടെ കാരണം.
ഇക്കാരണത്താല്‍ മരണാനന്തര ചടങ്ങുകളില്‍ പ്രീയേഷിനെ പങ്കെടുപ്പിച്ചില്ല. സമാന പ്രശ്നങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആരും പരാതി പറയാന്‍ കൂട്ടാക്കുന്നില്ല എന്നും പ്രിയേഷ് പറയുന്നു. പ്രീയേഷ് നിലവില്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ നേരിട്ട വിലക്കിനെ ന്യായീകരിക്കുകയാണ് ക്ഷേത്ര സ്ഥാനികര്‍. പതിറ്റാണ്ടുകളായുള്ള ആചാരമാണെന്നും ലംഘിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. പ്രീയേഷിന് പകരം മരിച്ച ബാലന്റെ സഹോദരപുത്രന് ചടങ്ങുകള്‍ നിര്‍വഹിച്ചു.