കാഞ്ഞങ്ങാട്: പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ക്ഷേത്ര കമ്മിറ്റി അനുവദിച്ചില്ലെന്ന് ആരോപിച്ച് പരാതി നല്കി മകന്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന് കൂട്ടായിക്കാരന് എന്നയാളുടെ മകന് പ്രിയേഷാണ് പരാതി നല്‍കിയത്. സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചെന്ന് ആരോപിച്ചാണ് ക്ഷേത്ര കമ്മിറ്റി തന്നെ പിതാവിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നും പ്രിയേഷ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബാലന് കൂട്ടായിക്കാരന് മരിച്ചത്. ബാലന്റെ ഏക മകനാണ് പ്രിയേഷ്. എന്നാല്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രിയേഷിനെ അനുവദിച്ചില്ലെന്നാണ് ആക്ഷേപം. പിതാവിന്റെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായെന്നും പ്രിയേഷ് പറയുന്നു.
പ്രിയേഷിനെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി നിലപാട് എടുത്തതോടെ ബാലന്റെ സഹോദര പുത്രന് അജീഷാണ് കര്‍മ്മങ്ങള്‍ ചെയ്തത്. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പ്രിയേഷ് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
അതേസമയം, തങ്ങള്‍ ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ലെന്നും , ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നാണ് വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. നേരത്തെ, മകന് മതം മാറി വിവാഹം ചെയ്തതിന്റെ പേരില്‍ കണ്ണൂര്‍ കരിവെള്ളൂരില്‍ പൂരക്കളി മറത്തുകളി കലാകാരനെ ക്ഷേത്രം കമ്മറ്റി വിലക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.