മലയിന്‍കീഴ്: വനിതാഡോക്ടറുടെ പീഡന പരാതിയെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയില്‍നിന്നു മാറി നില്ക്കാന് നിര്‍ദേശം നല്കി ഉന്നത ഉദ്യോഗസ്ഥര്‍. വിവാഹവാഗ്ദാനം നല്കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി.
എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. റൂറല്‍ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലില്‍ ഡോക്ടര്‍ ശനിയാഴ്ച മൊഴി നല്‍കിയിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.
വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019ല്‍ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു.
ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചു. തുടര്‍ന്നു ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുള്‍പ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറല്‍ എസ്പിക്കു പരാതി നല്കി. നടപടി വൈകിയതിനാല്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.