ഇടുക്കി: ഇടുക്കിയിലെ തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പിതാവ് പെട്രൊളൊഴിച്ച് തീകൊളുത്തി അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ദൃക്സാക്ഷി രാഹുല്‍. വലിയ ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ പെട്രോള്‍ കുപ്പിയുമായി വീടിന് പുറത്ത് നില്ക്കുന്ന പിതാവിനെയാണ് കണ്ടതെന്ന് അയല്‍വാസി രാഹുല്‍ പറയുന്നു.
ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മകനും ഭാര്യയും പേരക്കുട്ടികളും ഉറങ്ങിയിരുന്ന മുറിയില്‍ പൂര്‍ണമായും തീ പടര്‍ന്നിരുന്നുവെന്നും വീടിന്റേയും മുറിയുടേയും വാതിലുകള്‍ ചവിട്ടി തുറന്നാണ് അകത്തേക്ക് കടന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘മുറി ചവിട്ടിതുറക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയായ ഹമീദ് തന്നെ പുറകിലേക്ക് വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. കയ്യില്‍ പെട്രോളുമായാണ് അയാള്‍ നിന്നിരുന്നത്. വീണ്ടും വീണ്ടും അവര്‍ക്ക് നേരെ ജനലിലൂടെ പെട്രോള്‍ എറിഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.”- രാഹുല്‍ പറയുന്നു.
” ഹമീദിനെ തള്ളിമാറ്റിയാണ് പൂട്ട് ചവിട്ടി തുറന്ന് അകത്തേക്ക് കയറിയത്. അവരോട് പുറത്തേക്ക് വരാന്‍ പറഞ്ഞെങ്കിലും തീ ആളിയതിനാല്‍ അവര്‍ ബാത്ത്റൂമിലേക്ക് കയറിയിരുന്നു. ബെഡിന് തീപിടിച്ചതിനാല്‍ മുറിയുടെ അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.’ രാഹുല്‍ വിശദീകരിച്ചു.
തീ അണക്കാനായി ടാപ്പ് തുറന്ന് വെള്ളം എടുക്കാന്‍ ശ്രമിച്ചെങ്കിലും ആവശ്യത്തിന് വെള്ളം ഉണ്ടായിരുന്നില്ല. ഫ്രിഡ്ജില്‍ പോലും വെള്ളം ഇല്ലാത്ത സാഹചര്യമായിരുന്നു. ഇതൊക്കെ അദ്ദേഹം കൃത്യമായി പ്ലാന്‍ ചെയ്ത് നടത്തിയതെന്നാണ് കരുതുന്നത്. തന്റെ വീട്ടില്‍ നിന്നും അവരുടെ വീട്ടിലേക്കുള്ള വെള്ളത്തിന്റെ കണക്ഷനും ഒഴിവാക്കിയിരുന്നു. പല തവണ വഴക്കുണ്ടാവുമ്പോള്‍ മകനെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്താറുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.