കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മകനെ ഉപേക്ഷിക്കാന്‍ യുവതിക്ക് പ്രേരണ നല്കിയ സിദ്ധന് അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവിയെ (52) ആണു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 12നു യുവതിയെ കാണാതായതിനെ തുടര്‍ന്ന് മകന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിനു കേസെടുക്കുകയും ചെയ്തു. ഈ കേസില്‍ യുവതി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ 2858 തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. രവിയും യുവതിയും വിവിധ സ്ഥലങ്ങളില്‍ താമസിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിരുന്നു.
ഇതോടെയാണ് മകനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പൊലീസ് കേസെടുത്തത്. വീടിനോട് ചേര്‍ന്ന് അമ്പലം പണിത് കര്‍മങ്ങള്‍ നടത്തി വരുന്നയാളാണ് പ്രതി രവി. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഭക്തരായി എത്തുന്ന സ്ത്രീകളെ വശത്താക്കി പ്രതി ചൂഷണം ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.