കൊച്ചി: കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന് വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. ഒന്നരവയസ്സുകാരി നോറയാണ് കൊല്ലപ്പെട്ടത്. ജോണ്‍ ബിനോയി ഡിക്രൂസ് എന്നയാളാണ് കുഞ്ഞിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്.
ഇയാള്‍ അതി ക്രൂരനായ കൊലയാളിയാണെന്ന് പൊലീസ് പറയുന്നു. വളര്‍ത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.
ബിനോയി വീട്ടില്‍ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളര്‍ത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോള്‍ ബിനോയിയെ എടുത്തുവളര്‍ത്തിയതാണ് ഇവര്‍. കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു.
ഇത്തരത്തില്‍ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി. വീട്ടില്‍ നിന്ന് മോഷണം പതിവായിരുന്നു. വളര്‍ത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം സ്വര്‍ണവും കവര്‍ച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.