കാഞ്ഞങ്ങാട്: യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയാണ് (30) കവര്‍ച്ചക്കിരയായത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
പൊലീസ് തിരയുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പിലെ പെരളത്തുവീട്ടില് അശോകന് എന്ന അഭിയാണ് വിജിതയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതെന്നാണ് സൂചന.
വീട്ടുമുറ്റത്തിരിക്കുകയായിരുന്നു വിജിത. ഈ സമയം പിന്നിലൂടെയെത്തിയ മോഷ്ടാവ് വിജിതയെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യത്തെ അടിയോടെ ബോധംകെട്ട് വീണ വിജിതയുടെ കഴുത്തിലെ സ്വര്‍ണമാലയും കമ്മലും മോതിരവും മോഷ്ടാവ് അഴിച്ചെടുത്തു.
ഇതിനിടയില്‍ ബോധമുണര്‍ന്ന വിജിത ഭര്‍ത്താവിനെ വിളിച്ച് നിലവിളിച്ചപ്പോള്‍ ‘നീ ചത്തില്ലേ’ എന്ന് ചോദിച്ച് മോഷ്ടാവ് വീണ്ടും തലക്കടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഏറെസമയം കഴിഞ്ഞ് സമീപവാസിയായ കൃഷ്ണന് അതുവഴിവന്നപ്പോഴാണ് ഇവരെ വീട്ടുമുറ്റത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ചുകൂട്ടി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചു.