കൊച്ചി: ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന് വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചിയിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു വന്നവരുടെ മൊഴിയില്‍ സംശയം തോന്നിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കൊച്ചി കലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവം. അങ്കമാലിക്കാരിയായ 46-കാരി ശനിയാഴ്ച രാത്രിയാണ് നാല് വയസ്സുള്ള ആണ്‍കുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെണ്‍കുഞ്ഞിനും യുവാവിനും ഒപ്പം കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് സ്ത്രീ പെണ്‍കുഞ്ഞുമായി എത്തി. കുട്ടി ഛര്‍ദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോള്‍ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആണ്‍കുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു.
also read: കേരളത്തില്‍ ഇന്ന് 1421 പേര്‍ക്ക് കോവിഡ്, 4 മരണം
തുടര്‍ന്ന് യുവാവും സ്ത്രീയും കുഞ്ഞുങ്ങളേയും കൊണ്ട് കലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് ഛര്‍ദ്ദിച്ച് അവശനിലയിലായെന്നാണ് സ്ത്രീയും യുവാവും ഡോക്ടര്‍മാരോട് പറഞ്ഞതെങ്കിലും പരിശോധനയില്‍ കുട്ടി മുങ്ങിമരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി.
ഇതോടെ ആശുപത്രി അധികൃതര്‍ കൊച്ചി നോര്‍ത്ത് പൊലീസില്‍ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് യുവാവിന്റേയും സ്ത്രീയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് വ്യക്തമായത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവ് വിദേശത്താണെന്നാണ് പൊലീസ് നല്കുന്ന വിവരം. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി കുഞ്ഞുങ്ങളെ മാതാവിന്റെ സംരക്ഷണയില്‍ ഏല്പിച്ച് വിദേശത്തേക്ക് പോയതാണ്. ഹോട്ടല്‍ മുറിയില്‍ വച്ച് യുവാവും കുഞ്ഞുങ്ങളുടെ മാതാവും തമ്മില്‍ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാക്ക്തര്‍ക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ യുവാവ് ഹോട്ടല്‍ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് സൂചന.