ഈരാറ്റുപേട്ട: കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ദേഹത്തേക്കു മറിഞ്ഞു വീണു മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ടയിലാണ് സംഭവം. നടയ്ക്കല്‍ കോന്നച്ചാടത്ത് ജവാദിന്റെ മകന് അഹ്സല്‍ അലി ജവാദാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.
അഹ്സലും മറ്റ് 3 കുട്ടികളും ചേര്‍ന്നു കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. വശത്തേക്കു നിരക്കി അടയ്ക്കുന്ന ഗേറ്റ് തള്ളി നീക്കുന്നതിനിടെ വീല്‍ തെന്നി മാറുകയും മറിഞ്ഞു വീഴുകയുമായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നു പൊലീസ് പറഞ്ഞു. പിതാവ് ജവാദിനൊപ്പം വിദേശത്തായിരുന്ന കുടുംബം 2 മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. മകന്റെ വിയോഗം അറിഞ്ഞ് കുവൈത്തില്‍നിന്ന് ഇന്നലെ രാത്രി ജവാദ് നാട്ടിലെത്തി.
കബറടക്കം നടത്തി. മാതാവ്: ആലുവ കരിങ്ങാംതുരുത്ത് ഷഹബാസ്. സഹോദരന് അയ്മന് അലി (ഒന്നാം ക്ലാസ് വിദ്യാര്‍ഥി, അല്‍ മനാര്‍ സ്കൂള്‍ ഈരാറ്റുപേട്ട).ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാമും ഇമാം ഏകോപന സമിതി ചെയര്‍മാനുമായ കെ.എ.മുഹമ്മദ് നദീര്‍ മൗലവിയുടെ കൊച്ചുമകനാണ് അഹ്സല്‍.