തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളാണെന്നും ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.
അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്തിരുന്ന തീവ്രന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി ദുര്‍ബലമായി.
അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങി ന്യൂന മര്‍ദ്ദമായി വീണ്ടും ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.