കല്‍പ്പറ്റ: മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് വീഴ്ത്തി വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയും മകളും പിടിയില്‍. വയനാട് ജില്ലയിലാണ് സംഭവം. കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തുവെച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന 72 കാരിയെ തിരികെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.
also read: കേരളത്തില്‍ ഇന്ന് 1836 പേര്‍ക്ക് കോവിഡ്, 4 മരണം
പിന്നാലെ ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല കവര്‍ന്നതായി പരാതിയില്‍ പറയുന്നു. വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ലിസിയെയും മിനിയെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.
യുവതിയുടെ മൂന്ന് മാസത്തോളം പ്രായമായ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തിരഞ്ഞെടുത്തതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരമുളക് സ്പ്രേ ആശയം മനസിലാക്കിയതെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ സ്ഥിരം മോഷ്ടാക്കളല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.