എരുമപ്പെട്ടി: ക്ഷേത്ര ഉത്സവാഘോഷത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തിരുന്ന് കുടയും വെഞ്ചാമരവും പിടിച്ചിരുന്ന 4 യുവാക്കള്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങി. തോന്നല്ലൂരിലെ ബാലനരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന് എന്ന ആനയാണ് ഇടഞ്ഞത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ മേളത്തിന്റെ അകമ്പടിയോടെ നടന്ന കൂട്ടിയെഴുന്നെള്ളിപ്പ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതോടെയാണ് ആന ക്ഷേത്രത്തിന് പുറത്തേക്ക് ഓടിയത്. ഇതോടെ ആനപ്പുറത്തിരുന്ന യുവാക്കള്‍ താഴെയിറങ്ങാന്‍ കഴിയാതെ കുടുങ്ങി.
ഇവരെ കുടഞ്ഞ് താഴെയിടാന്‍ ആന ശ്രമിച്ചെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ മണിക്കൂറുകളോളം ഇവര്‍ ജീവന് പണയം വച്ച് ആനപ്പുറത്തു തന്നെ തുടര്‍ന്നു. ക്ഷേത്രത്തിനു പുറത്തേക്ക് ഓടിയ ആന ക്ഷേത്രപരിസരത്ത് വച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ കുത്തിയും തട്ടിയും സമീപത്തെ പാടത്തേക്ക് മറിച്ചിട്ടു.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തുണ്ടായിരുന്ന പൊരി,കളിക്കോപ്പുകള്‍, ബലൂണ്‍, തുടങ്ങിയവ വില്പന നടത്തിയിരുന്ന കടകളും തുമ്പിക്കൈ കൊണ്ട് അടിച്ചു തകര്‍ത്തു. ഉത്സവം കാണാന്‍ എത്തിയവരും കച്ചവടക്കാരും ഇതോടെ ക്ഷേത്രത്തിനടുത്തു നിന്ന് ഓടി മാറി.
പാപ്പാന്മാര് ആനയെ തളയ്ക്കന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ഒന്നാം പാപ്പനു നേരെയും ആന തിരിഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ എലിഫെന്റ് സ്ക്വാഡ് അംഗങ്ങള്‍ ഏറെ പണിപ്പെട്ട് ആനയെ വടമെറിഞ്ഞു കെട്ടി നിര്‍ത്തി. ആനപ്പുറത്തിരുന്ന യുവാക്കള്‍ സാഹസികമായി താഴേക്ക് ചാടി രക്ഷപ്പെട്ടു.