ഒറ്റപ്പാലം: വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സംഭവം. വിണ്ടുകീറിയ സിലിണ്ടര്‍ ഉയര്‍ന്ന ശബ്ദത്തോടെ മുകളിലേക്കു തെറിച്ചാണ് നിലത്തു വീണത്. ആളപായമില്ല.
സിലിണ്ടര്‍ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും കാരണമാണ് അത്യാഹിതം ഒഴിവായത്. കാഞ്ഞിരക്കടവ് കുളത്തിങ്കല്‍ ഷെരീഫിന്റെ വീട്ടില്‍ ഉച്ചയ്ക്കായിരുന്നു അപകടം. വീടിന്റെ പൂമുഖത്തോടു ചേര്‍ന്ന് മുറ്റത്തായിരുന്നു ഗ്യാസ് സിലിണ്ടര്‍ സ്ഥാപിച്ചിരുന്നത്.
also read: പാതിരാത്രിയില്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി, യുവാവിനെ കുത്തിക്കൊന്നു, നടുക്കുന്ന സംഭവം
ഇത് ഉയര്‍ന്ന ശബ്ദത്തോടെ പെട്ടെന്നാണു പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച് നിലത്തു നിന്നു മുകളിലേക്കു തെറിച്ച സിലിണ്ടര്‍ വീടിനു മുന്നിലെ മേല്‍ക്കൂരയില്‍ തട്ടിയാണ് തിരിച്ചു വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ പേടിച്ചു.ഓടു മേഞ്ഞ മേല്‍ക്കൂരയ്ക്കു കേടുപാടു സംഭവിച്ചു.
ഇതിനകം മുറ്റമാകെ കറുത്ത പുക വ്യാപിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ച കഴിഞ്ഞാണ് സിലിണ്ടര്‍ ഇറക്കിയിരുന്നത്. സിലിണ്ടര്‍ പുറത്തായിരുന്നതും തീപടരാതിരുന്നതുമെല്ലാം വലിയ അപകടം ഒഴിവാക്കി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.