ആലപ്പുഴ : അച്ഛന്റെയും അമ്മയുടെയും കാല് തൊട്ടുവന്ദിച്ച്, പുറത്തുനിന്നവരെയൊക്കെ കൈകൂപ്പി വണങ്ങി ജില്ലാ കളക്ടറുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ഡോ. രേണു രാജിന്റെ മനസു നിറയെ കളക്ടര്‍ എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു. ആലപ്പുഴ ജില്ലയിലെ 53 ാമത്തെ കളക്ടറായാണ് രേണു രാജ് ചുമതലയേറ്റത്.
ഡോക്ടറായിരുന്ന രേണു ജനസേവനത്തിനായി ഇറങ്ങിയിരിക്കുകയാണ്. എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളും സഹോദരി ഡോ. രമ്യാ രാജും ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. എറണാകുളം അസി. കളക്ടര്‍, തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസി.സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, നഗരകാര്യവകുപ്പ് ഡയറക്ടര്‍ തുടങ്ങി പദവികള്‍ക്ക് ശേഷമാണ് കളക്ടറായുള്ള ആദ്യ ചുമതല.
2015 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ രേണാ രാജ് ചങ്ങനാശേരി മലകുന്നം സ്വദേശിനിയാണ്. ആലപ്പുഴ ഏറെ പരിചിതമായ ജില്ലയാണ്. ഔദ്യോഗികമായി ആദ്യമാണെങ്കിലും, മുമ്പ് പല തവണ ആലപ്പുഴയിലെത്തിയിട്ടുണ്ട്. സ്ഥലങ്ങളെല്ലാം അറിയാം. ബന്ധുക്കളുമുണ്ട് ഇവിടെ. അനുജത്തി ഡോ.രമ്യ രണ്ട് മാസമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇനി കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്ന പാതയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കളക്ടര്‍ പറയുന്നു.
”ആലപ്പുഴയില്‍ കളക്ടറായി ചുമതലയേല്ക്കുന്നതില് ഏറെ സന്തോഷവും അഭിമാനവുമുണ്ട്. എല്ലാ വിഭാഗം തൊഴില്‍ മേഖലകളിലും 50 ശതമാനത്തിലധികം വനിതകളാണ്. ലിംഗ സമത്വം ഉറപ്പാക്കാന്‍ പല ആശയങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിലും അത് പ്രാവര്‍ത്തികമാക്കപ്പെട്ടിട്ടില്ല. രാത്രി 12 മണിക്ക് ശേഷം ചൂളം വിളിയോ, ശല്യങ്ങളോയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയുന്ന നിലയിലേക്ക് സമൂഹം മാറണം.”- ഡോ. രേണു രാജ് കൂട്ടിച്ചേര്‍ത്തു.