കണ്ണൂര്‍: തെയ്യങ്ങളുടെയും തിറകളുടെയും കാലമാണിത്. ഏതാനും ദിവസം മുമ്പ് ഒരു മുത്തപ്പന് തെയ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുസ്ലീം സ്ത്രീയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന് തെയ്യത്തിന്റെ വീഡിയോയിരുന്നു ഇത്.
ഇതിന് പിന്നാലെ ഇപ്പോഴിതാ തെങ്ങില്‍ കയറി തേങ്ങയിടുന്ന തെയ്യത്തിന്റെ ദൃശ്യങ്ങളാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. സാധാരണയായി തെങ്ങിന് കയറാന്‍ ഉപയോഗിക്കുന്ന ഒരു സുരക്ഷാ മാര്‍ഗങ്ങളുമില്ലാതെയാണ് ഈ തെയ്യം തെങ്ങിലേക്ക് കയറുന്നത്.
കൈ തെങ്ങില്‍ കുത്തി തെങ്ങില്‍ ചവിട്ടി കയറുന്നത് കണ്ടാല്‍ അപകടമുണ്ടാകുമോ എന്ന പേടിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല. തെങ്ങിന്റെ മുകളില്‍ വരെയെത്തി തേങ്ങയിട്ടതിന് ശേഷം പകുതിയോളം ഊര്‍ന്നിറങ്ങുന്ന തെയ്യം പിന്നീട് തലകീഴായാണ് താഴേക്കിറങ്ങുന്നത്.
ഇത് കണ്ട് താഴെ നിന്ന് ആര്പ്പുവിളിക്കുന്നുമുണ്ട്. പന്തവും മറ്റുമായി ഒരു പറ്റം ആളുകള്‍ തെങ്ങിന് ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. വീഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.