തിരുവനന്തപുരം: ഡോക്ടറാവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ ഉണ്ണിയെത്തി. ജീവിത കഷ്ടപ്പാടുകളോട് പടപൊരുതി തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ചുവടുവെക്കു്ന്ന ഉണ്ണിയെ മന്ത്രി അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
വയനാട് അപ്പപ്പാറ നാഗമന കോളനിയിലാണ് ഉണ്ണിയുടെ വീട്. നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന്‍ ഉണ്ണി തിരുവനന്തപുരത്തെത്തിയത്. എറണാകുളം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ഉണ്ണി.
അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒമ്പതാം റാങ്ക് നേടിയാണ് ഉണ്ണി മെഡിക്കല്‍ പഠനത്തിനു ചേര്‍ന്നത്. ഉണ്ണിയെ അഭിനന്ദിച്ച മന്ത്രി ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് പറഞ്ഞു.
ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന് കൂടിയാണ്. ഉണ്ണി ഡോക്ടറായി എത്തുന്നതും കാത്തിരിക്കുകയാണ് ഇപ്പോള്‍ ഒരു നാട് മുഴുവന്‍.