പൊന്നാനി: ബന്ധുവായ 62കാരനെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലാണ് സംഭവം. പൊന്നാനി ഗേള്‍സ് ഹൈസ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന് എന്ന മോഹനന് (62) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി കൂടിയായ പത്തായപറമ്പില്‍ റിജിന്‍ (32) ആണ് അറസ്റ്റിലായത്.
വഴിതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് റിജിന്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സുബ്രഹ്മണ്യന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
എന്നാല്‍ ഇതിനിടെ പ്രതിയായ റിജിന്‍ രക്തം കലര്‍ന്ന ഷര്‍ട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയും അപകടത്തില്‍ പറ്റിയതാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ പോലീസുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വയോധികനെ മര്‍ദ്ദിച്ച വിവരം പുറത്തുവന്നത്. തുടര്‍ന്ന് പൊന്നാനി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.