കായംകുളം: വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഒടുവില്‍ പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം ചിറക്കടവം മുറിയില്‍ തഴയശ്ശേരില്‍ വീട്ടില്‍ സന്തോഷ് മകന് ആകാശ് (28) ആണ് പൊലീസ് പിടിയിലായത്
കായംകുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2019 ഡിസംബര്‍ മാസത്തിലായിരുന്നു സംഭവം. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ രണ്ട് വര്‍ഷത്തിന് ശേഷമാണ് പൊലീസ് വലയിലാക്കിയത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
ഒളിവില്‍ പോയ ശേഷം മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ അതീവ ബുദ്ധിപരമായ രീതിയില്‍ തമിഴ്നാട്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഒരു സ്ക്വാഡ് രൂപീകരിച്ച് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രണ്ടായിരത്തോളം ഫോണ്‍ കാള്‍ ഡീറ്റെയില്‍സും മറ്റും പരിശോധിച്ചതില്‍ വിദേശ നമ്പരിലെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് വീട്ടില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തി.
ഇത് അന്വേഷിച്ച് കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹൈദരാബാദില്‍ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റല്‍ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവില്‍ പോയിട്ടുള്ളതായി വിവരം ലഭിച്ചു.
തുടര്‍ന്ന് 14 ദിവസത്തോളം ഹൈദരാബാദില്‍ ക്യാമ്പ് ചെയ്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതി മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലുണ്ടെന്ന് അറിവ് ലഭിക്കുകയും മഹാരാഷ്ട്ര പൊലീസിന്റെയും, തെലങ്കാന പൊലീസിന്റെയും സഹായത്തോടെ ആകാശിനെ ഷിര്‍ദ്ദിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.