തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അരുംകൊല. തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊന്നു. റിസപ്ഷനിസ്റ്റാണ് കൊല്ലപ്പെട്ടത്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരത്തെ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റാണ് അയ്യപ്പന്. ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയത്. തമ്പാനൂരില്‍ ഹോട്ടലില്‍ കയറിയാണ് അയ്യപ്പനെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെയായിരുന്നു നടുക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.