മുസ്ലീം മതവിശ്വാസിയായ യുവതിയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന് തെയ്യത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി.
ഇതാണ് യഥാര്‍ത്ഥ ഇന്ത്യയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്നതാണ് ഇന്ത്യ. വൈവിദ്ധ്യങ്ങളെ ആഘോഷമാക്കി പരസ്പരം കൈത്താങ്ങായി ഒന്നിച്ചുനില്‍ക്കുന്ന രാജ്യമെന്നും രാഹുല്‍ കുറിച്ചു.
also read: രണ്ട് മക്കളും ഉക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥികൾ; ആശങ്കയിൽ പാലക്കാട്ടെ മാതാപിതാക്കൾ
അയല്‍വാസിയായ പിവി ബാലകൃഷ്ണന്റെ വീട്ടില്‍ വച്ച് റംലത്ത് എന്ന യുവതിയെയാണ് മുത്തപ്പന് തെയ്യം ആശ്വസിപ്പിച്ചത്. തന്റെ സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന മുസ്ലിം സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പന് തെയ്യത്തിന്റെ വാക്കുകളും പിന്നാലെ വൈറലാവുകയായിരുന്നു.
കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയുമാണ് മുത്തപ്പന് തെയ്യം. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ കേരളത്തിന്റെ മതേതര ഉദാഹരണമാണ് എന്നും നിരവധി പേര് ചൂണ്ടിക്കാണിച്ചിരുന്നു.