തൃശൂര്‍: തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് അച്ഛനെയും അമ്മയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നാല് പേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ആഷിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍.
also read: സ്കൂളുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്, വൈകീട്ടു വരെ ക്ലാസ്സുകള്‍
മുറിയിലെ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേര്‍ത്തുവെച്ച നിലയാണുള്ളത്. ഇത് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യാ കുറിപ്പില്‍ കുടുംബ പ്രശ്നങ്ങളെക്കുറിച്ചും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉച്ചയായിട്ടും ആരെയും വീടിന് പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.
വായു പുറത്തുപോകാതിരിക്കാന്‍ വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു. വേദനരഹിത മരണത്തിനായാണ് ഇങ്ങനെ ചെയ്തത്. വാതില്‍ തുറക്കുന്നവര്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. ആഷിഫിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.