തൊടുപുഴ: പിതാവ് ഓടിച്ച കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി പത്തുവയസ്സുകാരനു ദാരുണാന്ത്യം. തൊടുപുഴയിലാണ് ദാരുണ സംഭവം നടന്നത്. ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റിജിലിന്റെ മകന് കെ ആര് മുഹമ്മദ് സാജിദ് ആണ് മരിച്ചത്. കാര്‍ പാര്‍ക്ക് ചെയ്യാന്‍ അരികു പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അപകടം.
റിജില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് സാജിദിനെ ഇടിച്ച് തൊട്ടടുത്തുള്ള പേരമരത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീടിനു സമീപമായിരുന്നു അപകടം. കുട്ടിയെ ഉടന്‍ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. റിജിലിന്റെ ഡ്രൈവിങ് പരിചയക്കുറവാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ റിജില്‍ ഈയിടെയാണ് കാര്‍ വാങ്ങിയത്. കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സാജിദ്. മാതാവ്: ഹസീന.