കണ്ണൂര്‍: ‘എന്നെ പോലീസ് യൂണിഫോമില്‍ കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു’, കണ്ണൂരില്‍ സബ് ഇന്‍സ്പെക്ടറായി ഔദ്യോഗികമായി ചുമതലയേറ്റ ശേഷം സൗമ്യ വികാരാധീനയായി. തനിക്ക് കരുത്ത് പകര്‍ന്ന് കൂടെയുണ്ടായിരുന്ന അച്ഛന്റെ കണ്ണീരണിഞ്ഞ ഓര്‍മ്മകള്‍ക്കു മുന്പില് ഒരു നിമിഷം ബിഗ് സല്യൂട്ട് നല്‍കിയാണ് സൗമ്യ പോലീസ് സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റത്.
താന്‍ യൂണിഫോമിലെത്തിയത് കാണാന്‍ ഇന്ന് അച്ഛനില്ലെന്ന് സങ്കടമായിരുന്നു സൗമ്യയ്ക്കുള്ളില്. ‘ആദ്യമൊന്നും യൂണിഫോമിനോട് അത്ര അടുപ്പം തോന്നിയിരുന്നില്ല. സിവില്‍ സര്‍വീസിനോടായിരുന്നു കൂടുതല്‍ താത്പര്യം. ജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും അവഗണനകളുമാണ് യൂണിഫോമിനോട് അടുപ്പിച്ചത്’-സൗമ്യ പറയുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഊരുമൂപ്പന് ഉണ്ണിച്ചെക്കന്റെ മകളാണ് ഇയു സൗമ്യ. തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് ആദിവാസി ഊരില്‍ നിന്നുള്ള ആദ്യത്തെ പോലീസ് സബ് ഇന്‍സ്പെക്ടറും കൂടിയാണ് സൗമ്യ. അച്ഛന് മരിക്കുമ്പോള്‍ രാമവര്‍മപുരം പോലീസ് ക്യാമ്പില്‍ പരിശീലനത്തിലായിരുന്നു സൗമ്യ.
തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരത്തു നിന്ന് ബിഎഡും നേടിയ ശേഷം പഴയന്നൂര്‍ തൃക്കണായ ഗവ. യു.പി. സ്കൂളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകള്‍ സര്‍ക്കാര്‍ യൂണിഫോമില്‍ നാടിനെ സേവിക്കണമെന്നത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു.
ആഗ്രഹം നിറവേറ്റാനായി അമ്മ മണിയും ഒപ്പം നിന്നു. ഭര്‍ത്താവ് ടി.എസ്. സുബിനും ഉണ്ണിച്ചെക്കന്റെ സുഹൃത്തായ യു.പി. ജോസഫും പോലീസ് സേനയിലുള്ള ധാരാളം ആളുകളും സഹായിച്ചെന്ന് സൗമ്യ പറയുന്നു. 34 പേരാണ് കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ സബ് ഇന്‍സ്പെക്ടര്‍മാരായി ചുമതലയേറ്റത്. സൗമ്യയടക്കം അഞ്ച് വനിതകളും ഇതില്‍ ഉള്‍പ്പെടും. കണ്ണൂര്‍ സിറ്റി പരിധിയിലാണ് സൗമ്യ എസ്.ഐ.യായി പ്രവര്‍ത്തിക്കുക.