കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയിലായ സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചത്. ഇതിന് പിന്നാലെ കോഴിക്കോട്ടെ തട്ടുകടകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
ബീച്ചിലെ തട്ടുകടകളില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതായി നേരത്തെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയത് രണ്ട് മാസം മുന്‍പാണ്. ആരോഗ്യവിഭാഗത്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.
ഉപ്പിലിട്ട പഴങ്ങള്‍ സത്തുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ബാറ്ററി വെള്ളം. ഉപ്പിലിട്ടവ ചീയാതിരിക്കാന്‍ അസറ്റിക് ആസിഡും ഉപയോഗിക്കുന്നു. വരും ദിവസങ്ങളില്‍ കോര്പ്പറേഷന് ആരോഗ്യവിഭാഗവുമായി ചേര്‍ന്നാകും പരിശോധന നടത്തുക. തട്ടുകടയില്‍ നിന്നും മിനിറല്‍ വാട്ടറിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം കഴിച്ച് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റതിന് പിന്നാലെയാണ് നടപടി.
വരക്കല്‍ ബീച്ചിലായിരുന്നു സംഭവം. അസറ്റിക് ആസിഡാകാം വിദ്യാര്‍ഥി കുടിച്ചതെന്ന വിലയിരുത്തലിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം. ഭക്ഷ്യ വസ്തുക്കള്‍ ഉപ്പിലിടുമ്പോള്‍ അതില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതാണ് അസറ്റിക് ആസിഡ്. പരാതി ഉയര്‍ന്നതോടെ വരക്കല്‍ ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്പ്പറേഷന് ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു.