പാലക്കാട്: പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഒരു കുഞ്ഞിനെ പിന്നീട് അമ്മപ്പുലി എടുത്തുകൊണ്ടുപോയെങ്കിലും ഒരു കുഞ്ഞ് ബാക്കിയായി. അകമലയിലെ വനം വെറ്റിനറി ക്ലിനിക്കിലാണ് ഒരു മാസമായി പുലിക്കുഞ്ഞുള്ളത്.
പുലിക്കുഞ്ഞ് വളര്‍ന്ന് വലുതായിരിക്കുകയാണിപ്പോള്. നല്ല തൂക്കം വെച്ച പുലിക്കുഞ്ഞിന്റെ നഖവും വളര്‍ന്നു. ലക്ഷണമൊത്ത പുലിയായി വളരുകയാണ് ഈ പുലിക്കുട്ടി. ഇപ്പോള്‍ 40 ദിവസത്തെ വളര്‍ച്ച പിന്നിട്ടു.
ഇത്ര നാള് കഴിഞ്ഞിട്ടും പുലിക്കുട്ടിയെ കൊണ്ട് പോവാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരൊന്നും അകമലയിലെത്തിയിട്ടില്ല. അകമലയില്‍ നാല് മാസത്തിലധികം വെറ്റിനറി കെയര്‍ അസാധ്യവുമാണ്. ജനുവരി 13 നാണ് പുലിക്കുട്ടിയെ അകമല ക്ലിനിക്കില്‍ എത്തിച്ചത്.
ദിവസങ്ങള്‍ മാത്രമായിരുന്നു അന്ന് പ്രായം. ആദ്യ ദിവസങ്ങളില്‍ പുലിക്കുട്ടി നിലയ്ക്കാത്ത കരച്ചിലായിരുന്നു. ഒടുവില്‍ തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ പുലിക്കുട്ടിയുടെ കൂട്ടില്‍ ഒരു പാവയെ കൊണ്ടു വെക്കാന്‍ നിര്‍ദ്ദേശിച്ചു. പാവയെ കണ്ടതോടെ പുലിക്കുട്ടി കരച്ചില് നിര്‍ത്തുകയും ഇതിനോടൊപ്പം കളിക്കുകയും ചെയ്തു. പാവയെ ചേര്‍ത്ത് പിടിച്ച് പുലിക്കുട്ടി ഉറങ്ങുന്നതും കൗതുക കാഴ്ചയായി.
ദിവസങ്ങള്‍ കഴിയുന്തോറും പുലിക്കുട്ടി വളരുകയാണ്. കൊണ്ട് വരുമ്പോള്‍ 500 ഗ്രാം തൂക്കമായിരുന്നെങ്കില്‍ ഇപ്പോള്‍ 800 ഗ്രാമായി. നഖവും നന്നായി വളര്‍ന്നതോടെ പഴയ പോലെ മടിയിലിരുത്തി പാല് കൊടുക്കാന്‍ വെറ്റിനറി ജീവനക്കാരും ഭയക്കുന്നു.
ഇപ്പോള്‍ നല്കി വരുന്ന ഭക്ഷണവും ഇനി മാറ്റേണ്ടി വരും. പൂച്ചയ്ക്ക് നല്കുന്ന പൊടി ഉപയോഗിച്ചുള്ള പാലാണ് നിലവില്‍ നല്‍കുന്നത്. ദിവസവും 200 മില്ലി ലിറ്റര്‍ പാല് പുലിക്കുട്ടി കുടിക്കുന്നുണ്ട്. ഇടയ്ക്ക് ചിക്കന്‍ സൂപ്പ് നല്‍കിയെങ്കിലും അത് കുടിച്ചില്ല. ക്രമേണ വേവിച്ച ഇറച്ചി കൊടുക്കുന്നതും പരിഗണനയിലുണ്ട്. എത്രകാലം പുലിക്കുട്ടിയെ ഇത്തരത്തില്‍ സംരക്ഷിക്കാനാവുമെന്ന ആശങ്കയിലാണ് അധികൃതര്‍.