തലയോലപ്പറമ്പ്: റെയില്‍വേ പാളത്തില്‍ തളര്‍ന്നുവീണ് മരണത്തെ മുഖാമുഖം കണ്ട വിമുക്ത ഭടനെ രക്ഷിച്ച് പുതുജീവന്‍ പകര്‍ന്ന് ഒരമ്മയും മകനും. വെള്ളൂര്‍ പാലക്കായില്‍ (ദേവീകൃപ) വിജയന് നായര്‍ക്ക് (65)ആണ് വെള്ളൂര്‍ ജങ്ഷനിലെ ജിജീസ് ബേക്കറി ഉടമ തോന്നല്ലൂര്‍ കോനത്തു വീട്ടില്‍ ജിന്‍സന്റെ ഭാര്യ സോണിയ(44)യും മകന് ഏബലും(ഒന്‍പത്) രക്ഷകരായത്.
തിങ്കളാഴ്ച വൈകീട്ട് 4.33-ന് പിറവം റോഡ് റെയില്‍വേ സ്റ്റേഷനുസമീപത്തായാണ് സംഭവം. ശരീരം തളര്‍ന്ന് പാളത്തില്‍ നിന്നും എഴുന്നേല്‍ക്കാനാകാതെ മരണത്തെ മുന്പില് കണ്ട് കിടന്ന വിജയനെ കാല്‍നടയാത്രികരായ സോണിയയും ഏബലും രക്ഷിക്കുകയായിരുന്നു.
മിലിട്ടറി ജീവിതത്തിനിടെ ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരുവശം വിജയന് ഭാഗികമായി തളര്‍ന്നിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ വിജയന് പാളത്തിലേയ്ക്ക് തന്നെ വീഴുകയായിരുന്നു. ഈസമയം ബേക്കറിയില്‍നിന്ന് സോണിയയും മകനും തോന്നല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് സോമന് നായര്‍ പാളത്തില്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഈ സമയം ട്രെയിന്‍ അടുത്തേയ്ക്ക് എത്തുകയായിരുന്നു. ഉടന്‍ എഴുന്നേല്പിക്കാന് ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നു. ഐലന്‍ഡ് എക്സ്പ്രസ് 150 മീറ്റര്‍ അപ്പുറമുള്ള പിറവംറോഡ് റെയില്‍വേ സ്റ്റേഷനിലെത്തിയത് കണ്ട സോണിയയും മകനും ഓടി വെള്ളൂര്‍ കവലയിലെത്തി അവിടെയുണ്ടായിരുന്ന ആളുകളെ വിളിച്ചുവരുത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.
പാളത്തില്‍നിന്ന് വിജയന് നായരെ നീക്കി നിമിഷങ്ങള്‍ക്കുള്ളിലാണ് ഐലന്‍ഡ് എക്സ്പ്രസ് ട്രാക്കിലടെ കടന്നുപോയത്. അദ്ദേഹം വീണുകിടന്നിടത്തുനിന്ന് പിറവംറോഡ് ജങ്ഷനിലേക്ക് 150 മീറ്ററാണ് ദൂരം. ഇവര്‍ക്ക് സ്റ്റേഷനില്‍ െട്രയിന്‍ നിര്‍ത്തിയിട്ടത് കാണാന്‍ കഴിയുമായിരുന്നു.
സോണിയയുടെയും മകന്റെയും അവസരോചിതമായ ഇടപെടലില്‍ ജീവന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിജയന് നായരും കുടുംബവും. ഈ അമ്മയുടെയും മകന്റെയും ധീരതയ്ക്ക് കൈയ്യടിക്കുകയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയുമാണ് നാട്ടുകാര്‍.