കൊല്ലം: വിവിധ ജില്ലകളിലായി നൂറിലധികം മോഷണങ്ങള്‍ നടത്തിയ ആള് ഒടുവില്‍ പിടിയില്‍. കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം പോസ്റ്റ് ഓഫിസ് പരിധിയില്‍ കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ അജയന് (തിരുവാര്‍പ്പ് അജി49) ആണു കൊല്ലം സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
4 വര്‍ഷം മുന്‍പാണ് ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നു മോചിതനായത്. 19 വയസ്സ് മുതല്‍ അജയന് നിരന്തരം മോഷണം നടത്തിയിരുന്നു. കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷന് പരിധികളില്‍ നടന്ന സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടര്‍ന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.
അജയന് മോഷണത്തിനു ബുധനാഴ്ചകള്‍ മാത്രമാണു തിരഞ്ഞെടുക്കുന്നത്. ഈ രീതിയാണു കൊല്ലത്തു വച്ച് ഇയാളെ പിടികൂടാന്‍ സഹായകമായത്. സിറ്റി പരിധിയിലെ ഒട്ടേറെ സ്റ്റേഷനുകളില്‍ ബുധനാഴ്ചകളില്‍ മാത്രം മോഷണം നടന്നു. തുടര്‍ന്നു, മോഷണ രീതിയെ പറ്റി നടത്തിയ അന്വേഷണത്തിലാണ് അജയനെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചത്.
ഈ സൂചന ഉപയോഗിച്ചു വരച്ച രേഖാചിത്രവും പ്രതിയുടെ മോഷണ ശൈലിയുമാണ് ഇയാളെ കുടുക്കിയത്. ഓടിനു മുകളിലൂടെ ചിലന്തിയെ പോലെ കാല്‍വിരലും കൈവിരലുകളും ഊന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സ്കൂളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളാണ് ഇഷ്ട മോഷണസ്ഥലങ്ങള് . മോഷ്ടിച്ച സ്ഥലത്തു നിന്നു കൂടുതല്‍ തുക ലഭിച്ചാല്‍ വീണ്ടും അവിടെ മോഷണം നടത്തുന്നത് പതിവാണ്.